എറണാകുളം: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. തൃശൂർ സ്വദേശിയായ വി വി രാജേഷാണ് ഹർജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷങ്ങൾക്ക് വഴിവയ്‌ക്കുന്നുവെന്നും ഹർജിയിൽ പരാമർശിക്കുന്നു.
ചിത്രം ദേശീയ അന്വേഷണ ഏജൻസികളെ വികലമായി ചിത്രീകരിക്കുന്നു, മതസ്പർദ്ദ വളർത്തുന്നു, ഗോധ്ര കലാപത്തെ തെറ്റായി അവതരിപ്പിക്കുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെ മോശമായി ചിത്രീകരിക്കുന്നു എന്നിങ്ങനെ ഹർജിയിൽ പറയുന്നുണ്ട്. എമ്പുരാൻ സിനിമ മനുഷ്യർക്കിടയിൽ കലാപവും അതൃപ്തിയും സൃഷ്ടിക്കുന്നു. അതിനാൽ സിനിമയുടെ പ്രദർശനം അടിയന്തിരമായി തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ റീ എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ എത്തിയെങ്കിലും സിനിമയ്‌ക്കെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾ കെട്ടടങ്ങുന്നില്ല.
ഒടുവിൽ എമ്പുരാൻ വിവാദത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും പ്രതികരിച്ചിരുന്നു. മോഹൻലാലിന് സിനിമയുടെ കഥയെ കുറിച്ച് അറിയാമായിരുന്നെന്നും വിവാദ സീനുകൾ കട്ട് ചെയ്യാൻ എല്ലാവരും ഒരുമിച്ച് തീരുമാനിച്ചതാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.