ബെംഗളൂരു: സ്വന്തം ക്ലാസിലെ വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയക്കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച അദ്ധ്യാപികയും സംഘവും അറസ്റ്റിൽ. 25 കാരി ശ്രീദേവി റുഡഗിയെയും രണ്ട് യുവാക്കളെയുമാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്:- 2023 ലാണ് സതീഷ്( പേര് യഥാർത്ഥമല്ല) അഞ്ച് വയസുകാരനായ ഇഛയ കുട്ടിയെ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിൽ ചേർത്തത്. അഡ്മിഷൻ പ്രക്രിയയ്‌ക്കിടെ ഇരുവരും തമ്മിൽ പരിചയപ്പെട്ടുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. പിന്നീട് ഇരുവരും സന്ദേശങ്ങളും സ്വകാര്യ ഫോട്ടോകളും കൈമാറാൻ തുടങ്ങി. ഇതിനിടെ ശ്രീദേവി നാല് ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു.
തുടർന്ന് ജനുവരിയിൽ 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ സതീഷ് വിസമ്മതിച്ചു. ഇതിനിടെ ബിസിനസ് തകർന്നതോടെ കുട്ടിയെ നാട്ടിലേക്ക് അയക്കാൻ സതീഷ് തീരുമാനിച്ചു. ടിസി വാങ്ങാൻ സ്കൂളിൽ എത്തിയ സതീഷിനെ ശ്രീദേവിയും സംഘവും ചേർന്ന് മുറിയിൽ പൂട്ടിയിട്ടു. 20 ലക്ഷം രൂപ നൽകാത്തപക്ഷം സ്വകാര്യ ഫോട്ടോകൾ കുടുംബത്തിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ബാക്കി പണം ഉടൻ നൽകാമെന്ന ഉറപ്പിൻ മേൽ രണ്ട് ലക്ഷം രൂപ കൈമാറിയതോടയാണ് സതീഷിനെ വിട്ടയച്ചത്. തുടർന്ന് സതീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.















