ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വൈദഗ്ധ്യത്തെ പുകഴ്ത്തി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. മോദി എല്ലാ ലോകനേതാക്കളുമായും നല്ല ബന്ധം പുലർത്തുന്ന നേതാവാണെന്നും ഇന്നത്തെ ഭൗമരാഷ്‌ട്രീയ അന്തരീക്ഷത്തിലെ പ്രധാന പ്ലേയറാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഭവനിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.
“ലോകത്തിലെ എല്ലാ നേതാക്കളുമായും, മിസ്റ്റർ പുടിൻ, മിസ്റ്റർ ട്രംപ്, മിസ്റ്റർ സെലെൻസ്‌കി, യൂറോപ്യൻ യൂണിയൻ, ബ്രിക്‌സിലെയും ഇറാനിലെയും ലാറ്റിൻ അമേരിക്കൻ നേതാക്കൾ എന്നിവരുമായും സംസാരിക്കാൻ കഴിയുന്ന ഒരു സവിശേഷ പദവി പ്രധാനമന്ത്രി മോദിക്കുണ്ട്. ഇപ്പോൾ മറ്റൊരു നേതാവിനും ചെയ്യാൻ കഴിയാത്ത കാര്യമാണിത്. ഇന്നത്തെ ഭൗമരാഷ്‌ട്രീയ അന്തരീക്ഷത്തിൽ നിങ്ങൾ (പ്രധാനമന്ത്രി മോദി) ഒരു പ്രധാന നേതാവാണ്,” ചിലി പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രശംസിച്ച ബോറിക്, ലോകത്തിന് സമാധാനം കൊണ്ടുവരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ അധികാര വിഭജനമുണ്ട്. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയിൽ നിങ്ങൾ ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരെ പോരാടുകയാണ്. ഇന്ത്യയിൽ നിങ്ങൾ ലോകത്ത് സമാധാനം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്,” അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് ചിലി പ്രസിഡന്റ് ഭാരതം സന്ദർശിക്കുന്നത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഗബ്രിയേൽ ബോറിക് ഫോണ്ട് രാഷ്‌ട്രപതിയുടെ വസതിയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ ആഗ്ര, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ സന്ദർശിക്കുന്ന അദ്ദേഹം ഇന്ത്യയുമായി നിരവധി ധാരണാ പത്രങ്ങളിലും ഒപ്പിടും.















