ബെംഗളൂരു: മുഡ (മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കനത്ത തിരിച്ചടി. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകയുക്ത റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് ഇഡി ജനപ്രതിനിധി കോടതിയെ സമീപിച്ചു. ലോകയുക്തയുടെ റിപ്പോർട്ട് തള്ളണമെന്നാണ് ഇഡിയുടെ ആവശ്യം.
സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നിഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഡ അഴിമതി കേസിൽ ലോകായുക്ത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും കുറ്റവിമുക്തരാക്കുന്നത് ആയിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇഡി രംഗത്തുവന്നത്.
വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സന്നദ്ധപ്രവർത്തകയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലോകായുക്തയുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും മുഖ്യമന്ത്രിയും ഭാര്യയുമുൾപ്പെടെ നാല് പേർക്കതിരെ കേസെടുത്തിരുന്നു.















