തിരുവനന്തപുരം: രാജ്യത്ത് തുല്യനീതി ഉറപ്പാക്കുന്ന വഖ്ഫ് ഭേദഗതി ബിൽ ഒരു മതത്തിനും ഒരു സമൂഹത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭേദഗതി ബില്ല് മുനമ്പം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ബില്ലാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിൽ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കേരളത്തിലെ എല്ലാ എംപിമാരും വഖ്ഫ് ബില്ലിനെ പിന്തുണക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കാലങ്ങളായുള്ള മുനമ്പം ജനതയുടെ പ്രശ്നത്തിന് പരിഹാരമാണ് വഖ്ഫ് ഭേദഗതി ബില്ല്. ബില്ല് പാസാക്കണം എന്ന് തന്നെയാണ് ഞങ്ങളുടെയെല്ലാം അഭ്യർത്ഥന”.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇന്ന് കണ്ടെത്തണം, ഇന്ന് പരിഹരിക്കണം എന്നതാണ് ബിജെപിയുടെ നയം. തെരഞ്ഞെടുപ്പ് സമയം നോക്കിയല്ല ഞങ്ങളിത് ചെയ്യുന്നത്. പത്ത് വർഷം കഴിഞ്ഞ് ചെയ്യാമെന്ന തീരുമാനവും ഞങ്ങളെടുക്കില്ല. ജനങ്ങൾക്ക് ഇന്നൊരു വേദനയുണ്ടെങ്കിൽ അതിന്റെ പരിഹാരം ഇന്ന് കണ്ടെത്താനാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.