ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഇവരുടെ ഫോൺ രേഖകളും ശേഖരിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും തുടർ നടപടിയിലേക്ക് കടക്കുക. ഇരുവരെയും വിളിച്ചുവരുത്തിയേക്കുമെന്നാണ് സൂചന. പ്രതികളിൽ നിന്ന് നടന്മാർ ലഹരി വാങ്ങി ഉപയോഗിച്ചെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. നേരത്തെ ഓം പ്രകാശ് ഉൾപ്പെട്ട മറ്റൊരു ലഹരിക്കേസിലും ശ്രീനാഥിനെ ചോദ്യം ചെയ്തിരുന്നു. അതേസമയം തനിക്ക് കേസുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ശ്രീനാഥ് പ്രതികരിച്ചു.
അതേസമയം പിടിയിലായ തസ്ലിമ സുൽത്താനയ്‌ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷമാകും സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിക്കണമോ എന്ന് അന്വേഷണ സംഘം തീരുമാനിക്കുക.
കെണിയൊരുക്കിയാണ് ലഹരി ക്കടത്ത് സംഘത്തിന്‍റെ മുഖ്യ കണ്ണിയായ തസ്ലീമ സുൽത്താനയെയും കൂട്ടാളിയെയും എക്സൈസ് സംഘം പിടികൂടിയത്. രണ്ടുകോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തത്.സിനിമ നടന്മാർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.