ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാല ക്യാമ്പസിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ സുപ്രീം കോടതി നടപടി. മരങ്ങൾ മുറിക്കുന്നത് ഉടൻ നിർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇന്ന് വൈകുന്നേരം 3. 30 നകം സംസ്ഥാന സർക്കാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഹൈദരാബാദ് സർവകലാശാലയുടെ ഗച്ചിബൗളിയിലുള്ള വനഭൂമിയാണ് ഐടി ഹബ്ബ് വികസനത്തിന്റെ പേരിൽ സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്ക് നൽകാൻ തെലങ്കാന സർക്കാർ പദ്ധതിയിടുന്നത്. മാർച്ച് 30-ന് മരങ്ങൾ മുറിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. 400 ഏക്കർ ഭൂമിയാണ് അനധികൃതമായി കയ്യേറി ലേലം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
അവധി ദിവസങ്ങൾ മുതലെടുത്താണ് മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം സർവകലാശാലയുടെ വനമേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥി- പരിസ്ഥിതി സംഘടനകൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. വിദ്യാർത്ഥി സംഘടനകളും പരിസ്ഥിതി പ്രവർത്തകരും സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സർക്കാരിന്റെ നടപടിക്കെതിരെ എബിവിപി ശക്തമായ പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സർക്കാരും ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇത് അനുവദനീയമല്ലെന്നും എബിവിപി വ്യക്തമാക്കി. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം സമർപ്പിച്ചിരുന്നു.