ന്യൂഡൽഹി: വഖ്ഫ് നിയമത്തെ നവീകരിച്ച മുസ്ലീം രാജ്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. രാജ്യസഭയിൽ വഖ്ഫ് ബില്ലിന്മേലുള്ള ചർച്ചയിലാണ് മന്ത്രിയുടെ വാക്കുകൾ. തുർക്കി അടക്കമുള്ള പല രാജ്യങ്ങളും വഖ്ഫ് നിയമം അടിമുടി പരിഷ്കരിച്ചുവെന്ന് നദ്ദ ചൂണ്ടിക്കാട്ടി.
തുർക്കി പോലെ പല മുസ്ലീം രാജ്യങ്ങളും വഖ്ഫ് നിയമം നവീകരിച്ചു. 1924ൽ തന്നെ എല്ലാ വഖ്ഫ് സ്വത്തുക്കളും സർക്കാരിന് കീഴിലാക്കി. മലേഷ്യയും സമാനമായ രീതിയിലാണ് വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. ഇറാനിൽ പോലും വഖ്ഫ് ഭൂമി കൈകാര്യം ചെയ്യുന്നത് സർക്കാരാണ്. മുസ്ലീം രാജ്യങ്ങൾ അടക്കം വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തിൽ സുതാര്യത കാത്തുസൂക്ഷിക്കാൻ തയ്യാറാകുന്നുവെന്ന കാര്യമാണ് ഈ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടുന്നതിലൂടെ പറയാൻ ഉദ്ദേശിച്ചത്. മുസ്ലീം രാജ്യങ്ങൾ ചെയ്യുന്ന അതേ കാര്യം തന്നെയാണ് ഇന്ത്യയിലും ചെയ്യാൻ തീരുമാനിച്ചത്. അതിൽ എന്താണ് പ്രശ്നം? – നദ്ദ ചോദിച്ചു.
വഖ്ഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്‌ക്ക് ലഭിച്ചിരിക്കുന്ന അവസരം പോലും സെൻസേഷനിലസത്തിനായാണ് പ്രതിപക്ഷം ഉപയോഗിക്കുന്നത്. കേവലം ഏതെങ്കിലുമൊരു പാർട്ടിയുടെ താത്പര്യമാണോ ഈ രാജ്യത്തിന്റെ താത്പര്യമാണോ പരിഗണിക്കേണ്ടതെന്നും പ്രതിപക്ഷത്തോട് നദ്ദ ചോദിച്ചു. വാക്കുകൊണ്ടുള്ള സേവനത്തിലല്ല, യഥാർത്ഥ സേവനത്തിലാണ് കേന്ദ്രസർക്കാർ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.















