കൊൽക്കത്ത: പശ്ചിമബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ രാമനവമി ആഘോഷത്തിന് അനുമതി നിഷേധിച്ചു. സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷത്തിന് അനുമതി തേടി വിദ്യാർത്ഥികൾ അധികൃതർക്ക് നിവേദനം സമർപ്പിച്ചിരുന്നു. സർവകലാശാലയുടെ തീരുമാനത്തിന് പിന്നാലെ ഹിന്ദു സ്റ്റുഡന്റ്സ് യൂണിയനും മറ്റ് വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്ത് വന്നാലും തങ്ങൾ രാമനവമി ആഘോഷിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ വർഷം തങ്ങൾക്ക് ആഘോഷത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാൽ പിന്നീട് അത് നിഷേധിക്കപ്പെട്ടു. ഇത്തവണ തങ്ങൾ അനുമതി തേടിയിട്ടുണ്ട്. രാമനവമി ആഘോഷിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അടുത്തിടെ ഇദ്- ഉൽ ഫിത്തർ ദിനത്തിൽ സർവകലാശാല ആഘോഷങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ഇദ് ആഘോഷങ്ങൾക്ക് അനുമതി നൽകിയ സർവകലാശാലയുടെ തീരുമാനത്തെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. എബിവിപിയും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
എബിവിപി പശ്ചിമബംഗാൾ പ്രസിഡന്റ് ശാന്തനു സിൻഹ സർവകലാശാലയിലെ ഇടതുപക്ഷ യൂണിനെതിരെ ബഹുജന പ്രതിഷേധം ആഹ്വാനം ചെയ്തു. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കേന്ദ്രമായ ഇടത്ത് നിന്ന് തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്ന് എബിവിപി അറിയിച്ചു.















