കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹിന്ദു സന്യാസിയും ഭാഗവത പാരായണക്കാരനുമായ ഹിരണ്മയ് ഗോസ്വാമി മഹാരാജിനെ ക്രൂരമായി മർദ്ദിച്ച് അക്രമികൾ. പശ്ചിമ മേദിനിപൂർ ജില്ലയിലെ ധരംപൂർ ഗ്രാമത്തിൽ വച്ചാണ് സംഭവം. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്യാസി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. സംഭവത്തിൽ സംസ്ഥാനമെമ്പാടും പ്രതിഷേധം ആളിക്കത്തുകയാണ്.
അക്രമികൾ സന്യാസിയുടെ മുടി മുറിച്ചുമാറ്റി. തലയിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അദ്ദേഹം “ഭാരത് മാതാ കീ ജയ്”, “ഹിന്ദു സനാതൻ ധർമ്മ കീ ജയ്,” “ഗോ മാതാ കീ ജയ്”, “ജയ് ശ്രീറാം” എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതാണ് അക്രമികളെ പ്രകോപിപ്പിച്ചതിന്നാൻ റിപ്പോർട്ടുകൾ. ആക്രമണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് സന്യാസി സമൂഹം ആരോപിച്ചു. ഭരണകക്ഷിയായ ടിഎംസിയുമായി ബന്ധമുള്ള വ്യക്തികളാണ് സംശയ നിഴലിലുള്ളത്.
നിരവധി ആത്മീയ നേതാക്കൾ സംഭവത്തെ അപലപിച്ചു, ഇത് ഒരു വ്യക്തിക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് മതസ്വാതന്ത്ര്യത്തിനും ആത്മീയ ആവിഷ്കാരത്തിനും നേരെയുള്ള ആക്രമണമാണെന്ന് അവർ പറഞ്ഞു. “പ്രശസ്ത സന്യാസി ഹിരണ്മയിക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ബംഗാൾ ഒരു താലിബാൻ ഭരണത്തിലേക്ക് നീങ്ങുന്നത് വ്യക്തമാണ്. ഒരു സന്യാസിക്ക് സംസാര സ്വാതന്ത്ര്യമില്ലെങ്കിൽ, ഇവിടുത്തെ സമൂഹത്തെയും ജനങ്ങളെയും കുറിച്ച് ചിന്തിക്കുക. പശ്ചിമ ബംഗാളിലെ ഭരണകൂടത്തോടും പൊലീസിനോടും സുരക്ഷാ സേനയോടും ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു – ഈ ആക്രമണത്തിന് പിന്നിൽ ആരാണ്? അവർക്ക് എവിടെ നിന്നാണ് ഇത്രയും ശക്തി ലഭിക്കുന്നത്? പശ്ചിമ ബംഗാളിലെ ഹിന്ദുക്കളുടെ ഭാവി എന്താണ്? “- സന്ത് കമ്മിറ്റി സംസ്ഥാന സെക്രട്ടറി ആത്മീയ നേതാവ് ബ്രഹ്മവിദ്യാനന്ദ പറഞ്ഞു.















