കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളം നടക്കുന്ന എല്ലാ ഘോഷയാത്രകളും നിരീക്ഷിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സെൻസിറ്റീവ് മേഖലകളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും. വിവിധ സ്ഥലങ്ങളിലായി 5,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 4,000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്ക് നിയോഗിച്ചിട്ടുണ്ട്.
നാളെ (6-4-2025) ആണ് രാമനവമി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി വലിയ ഘോഷയാത്രയാണ് നടക്കുക. 800- 1200 ആളുകൾ ഘോഷയാത്രയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ഘോഷയാത്രകളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ബോഡി കാമറകൾ ഘടിപ്പിച്ച പൊലീസ് എസ്കോർട്ടുകൾ ഉണ്ടായിരിക്കും.
കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും. നാളെ ചരക്ക് വാഹനങ്ങളുടെ സഞ്ചാരവും നിയന്ത്രിക്കും. ഇതുകൂടാതെ സോഷ്യൽമീഡിയ വഴിയുള്ള അഭ്യൂഹങ്ങൾ തടയുന്നതിലും പൊലീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.















