ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാമേശ്വരത്ത് എത്തും. രാമനവമിയോടനുബന്ധിച്ച് രാമേശ്വരം രാമനാഥ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തും. രാരനവമിയിൽ ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പൂജകളിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശനത്തോടനുബന്ധിച്ച് രാമേശ്വരത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി രാമക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം എന്നാണ് ക്ഷേത്രദർശനത്തെ പ്രധാനമന്ത്രി അന്ന് വിശേഷിപ്പിച്ചത്.
പുതുതായി നിർമിച്ച പാമ്പൻ പാലത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. ഇന്ത്യയിലെ ആദ്യത്തെ ലംബ ലിഫ്റ്റ് റെയിൽവേ കടൽ പാലമാണിത്. 2.08 കിലോമീറ്ററാണ് പുതിയ പാമ്പൻ പാലത്തിന്റെ നീളം. രണ്ട് ട്രാക്കുകൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 700 കോടി ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
തമിഴ്‌നാട്ടിൽ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയിൽ, റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിവിധ നാലുവരി പാതകൾക്ക് അദ്ദേഹം തറക്കല്ലിടും. നാലുവരി പാത വരുന്നതോടെ സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കും.















