കണ്ണൂർ: കണ്ണാടിപ്പൊയിൽ വൻ കവർച്ച. മടയമ്മകുളം സ്വദേശിനി കുഞ്ഞാമിനയുടെ വീട് കുത്തിത്തുറന്ന് 29 പവനും 25,000 രൂപയും മോഷ്ടാക്കൾ കവർന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കിണറന്റെ ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തേക്ക് കടന്നത്. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്.
കുഞ്ഞാമിനയും കുടുംബവും കുറച്ചുനാളുകളായി ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. മോഷണം നടക്കുന്ന ദിവസം രാത്രി എട്ട് മണിവരെ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാനായി കുഞ്ഞാമിനയുടെ മക്കൾ വീട്ടിലേക്ക് വന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
കഴിഞ്ഞ ദിവസം പാലക്കാട് വടക്കഞ്ചേരിയിലും കവർച്ച നടന്നിരുന്നു. വീട് കുത്തിത്തുറന്ന് 45 പവൻ സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലായിരുന്നു മോഷ്ണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.