മുംബൈ : ട്രാക്ടർ കിണറിലേക്ക് പതിച്ച് ഏഴ് സ്ത്രീകൾ മരിച്ചു. മഹാരാഷ്‌ട്ര നന്ദേഡയിലെ അസെഗാവിലാണ് സംഭവം. കർഷകരായ പത്ത് പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞതിന് ശേഷമാണ് സ്ത്രീകളെ പുറത്തെത്തിച്ചത്.
നിയന്ത്രണംവിട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി കിണറിലേക്ക് പതിക്കുകയായിരുന്നു. കൃഷിയിടത്തിന് വേണ്ടി ഉപയോഗിക്കുന്ന കൂറ്റൻ കിണറിലേക്കാണ് ട്രാക്ടർ മറഞ്ഞത്. സ്ത്രീകളുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പൊലീസിനെ വിവരമറിയിച്ചതോടെ അഗ്നിരക്ഷാ സേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം നടത്തി.
ഏറെ നേരം പരിശ്രമത്തിനൊടുവിലാണ് കിണറിൽ വീണവരെ പുറത്തെത്തിച്ചത്. വലിയ അളവിൽ വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. അപ്പോഴേക്കും ഏഴ് പേരും മരിച്ചിരുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു ഇവർ.
അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചു.















