എറണാകുളം: മുനമ്പത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കൽ സ്വദേശിയായ സ്മിനോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് എത്തിയപ്പോഴാണ് വീടിന്റെ കാർപോർച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടത്.
സ്മിനോയുടെ ഭാര്യ ഇരിങ്ങാലക്കുട സ്കൂളിലെ അദ്ധ്യാപികയാണ്. ഏറെ നാളായി സ്മിനോ ഒറ്റയ്‌ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. യുവാവിന്റെ മാലും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം. തലയ്‌ക്കാണ് മർദ്ദനമേറ്റിരിക്കുന്നത്.
ഇന്നലെ രാത്രി വരെ സുഹൃത്തിനൊപ്പമായിരുന്നു സ്മിനോ. തുടർന്ന് 10.30 ഓടെ സുഹൃത്ത് തന്നെയാണ് സ്മിനോയെ വീട്ടിൽ കൊണ്ടുവിട്ടത്. ഇന്ന് രാവിലെ മുതൽ സ്മിനോയെ സുഹൃത്ത് ഫോണിൽ വിളിച്ചിരുന്നു. എന്നാൽ കിട്ടാതെ വന്നതോടെയാണ് സുഹൃത്ത് വീട്ടിലേക്ക് എത്തിയത്. അയൽവാസികളുമായി സ്മിനോയ്‌ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.















