കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-ലഖ്‌നൗ സൂപ്പർ ജയൻറ്സ് മത്സരശേഷം അവസാന ഓവറിനുമുന്നെ തിലക് വർമ്മ റിട്ടയേർഡ് ഔട്ട് ആയി ഗൗണ്ട് വിട്ടത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടായി പുറത്തുപോകുന്ന നാലാമത്തെ മാത്രം ബാറ്ററാണ് തിലക് വർമ്മ. 23 പന്തിൽ നിന്ന് 2 ഫോറുൾപ്പെടെ 25 റൺസ് നേടിയ തിലകിന് പകരക്കാരനായിറങ്ങിയത് മിച്ചൽ സാന്റ്നറായിരുന്നു. എന്നാൽ സാന്റ്നറിനും മുംബൈയെ രക്ഷിക്കാനായില്ല. ടീം 12 റൺസിനാണ് ലഖ്‌നൗവിനോട് തോൽവി വഴങ്ങിയത്.
മത്സരത്തിൽ ഇമ്പാക്ട് പ്ലേയറായിറങ്ങിയ തിലക് പതിവ് ശൈലിയിൽ ബാറ്റ് വീശി റൺസ് കണ്ടെത്താൻ നന്നേ വിഷമിച്ചു. മുംബൈക്ക് ജയിക്കാൻ 7 പന്തിൽ 24 റൺസ് വേണമെന്ന ഘട്ടത്തിൽ നിൽക്കെയാണ് താരം പവലിയനിലേക്ക് മടങ്ങാൻ നിർബന്ധിതനായത്. ഈ സമയത്ത് തിലകിനൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മത്സരശേഷം ഈ വിവാദ തീരുമാനത്തിൽ പ്രതികരിച്ചു.
“അത് വ്യക്തമായിരുന്നു. ഞങ്ങൾക്ക് ആ സമയം വലിയ ഹിറ്റുകൾ ആവശ്യമായിരുന്നു. ക്രിക്കറ്റിൽ, അത്തരം ചില ദിവസങ്ങൾ വരും. ചിലപ്പോൾ നിങ്ങൾ അതിനായി ശ്രമിച്ചാലും അത് സംഭവിക്കണമെന്നില്ല,” ഹാർദിക് പറഞ്ഞു. ബാറ്റിങ് യൂണിറ്റ് എന്ന നിലയിൽ വീഴ്‌ച പറ്റിയെന്നും തോൽവിയുടെ പൂർണ ഉത്തരവാദിത്തം ബാറ്റർമാർക്കാണെന്നും താരം പറഞ്ഞു. നാല് കളികളിൽനിന്നും മൂന്ന് തോൽവികളും ഒരു ജയവും നേടിയിട്ടുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.