തോൽവിയിൽ പരിഹസിച്ച ആരാധകരെ തല്ലാൻ ശ്രമിച്ച് പാകിസ്താൻ താരം ഖുഷ്ദിൽ ഷാ. ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും പാകിസ്താൻ തോറ്റിരുന്നു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ആരാധകർ താരങ്ങളെ പരിഹസിച്ചത്. ഇതോടെ ഡഗൗട്ടിലെ വേലി ചാടിക്കടന്ന് ഇയാൾ ആരാധകരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ കഴുത്തിന് തൂക്കി പിന്നോട്ട് വലിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രിക്കറ്ററുടെ നടപടിയിൽ വ്യാപക വിമർശനവും ഉയർന്നിട്ടുണ്ട്. പരിഹസിക്കുന്നവരെ അടിക്കാൻ നിൽക്കാതെ ആദ്യം കളിച്ച് ജയിക്കാൻ നോക്ക് എന്നായിരുന്നു സ്വന്തം ആരാധകർ തന്നെ തുറന്നടിച്ചത്.
ഏകദിന പരമ്പര 3-0 നും ടി20 പരമ്പര 4-1 നുമാണ് പാകിസ്താൻ തോറ്റത്. അവാസന മത്സരത്തിൽ 42 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതാണ് ആരാധകരുടെ ക്ഷമ കെടുത്തിയത്. അതേസമയം ചില അഫ്ഗാനിസ്ഥാൻ പൗരന്മാരാണ് താരങ്ങളെ കളിയാക്കിയതെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു. പാകിസ്താൻ ടീം മാനേജ്മെന്റും ഇക്കാര്യത്തിൽ അതൃപ്തി പ്രകടമാക്കിയെന്നും ഇയാൾ പറഞ്ഞു.
p















