കൊളംബോ: ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഒപ്പുവച്ച് ശ്രീലങ്ക. ധാരണ പ്രകാരം ശ്രീലങ്കൻ സൈന്യത്തിന് ഭാരതത്തിൽ പരിശീലനം നൽകും. സാങ്കേതികവിദ്യയും മറ്റു സൈനിക വിവരങ്ങളും ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. ഇതാദ്യമായാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ പ്രതിരോധ സഹകരണത്തിൽ ധാരണയായതെന്ന പ്രത്യേകതയുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക സന്ദർശനത്തിൽ ഏഴ് സുപ്രധാന കരാറുകളാണ് ഒപ്പുവച്ചത്. സൈനിക രംഗത്തെ സഹകരണത്തിനുള്ള ധാരണയാണ് ഇതിൽ പ്രധാനം. അഞ്ചുവർഷത്തേക്കാണ് സൈനിക കരാർ.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ സുപ്രധാനമായ മറ്റൊരു പ്രഖ്യാപനവും ശ്രീലങ്കൻ പ്രസിഡന്റ് നടത്തി. ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങൾക്ക് വിരുദ്ധമാകുന്ന യാതൊരു സമീപനവും ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ശ്രീലങ്കൻ മണ്ണ് അതിനായി ആരും പ്രയോജനപ്പെടുത്തില്ലെന്നും അനുര കുമാരാ ദിസ്സനായകെ ഉറപ്പുനൽകി.
ചൈനീസ് മുങ്ങിക്കപ്പലുകൾ കൊളംബോ തീരത്തേക്ക് അടുക്കുന്നത് നേരത്തെ ശ്രീലങ്ക തടഞ്ഞിരുന്നു. ഇന്ത്യ ആശങ്ക അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. കൊളംബോ തീരത്തുള്ള വിദേശ പരീക്ഷണ കപ്പലുകളുടെ സാന്നിധ്യവും ഇന്ത്യയുടെ പരാതിയെ തുടർന്ന് തടഞ്ഞിരുന്നതായി ദിസ്സനായകെ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീലങ്കയ്‌ക്ക് ഇന്ത്യ നൽകുന്ന സഹായവും ഐക്യദാർഢ്യവും വിലമതിക്കാനാകാത്തതാണെന്നും ശ്രീലങ്കൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയൽപക്കം ആദ്യം എന്ന നയത്തിനും ‘മഹാസാഗർ’ എന്ന ദർശനത്തിനും പ്രധാന്യം നൽകുന്ന രാജ്യമെന്ന നിലയിൽ ഭാരതം അതീവ പ്രാധാന്യമാണ് ശ്രീലങ്കയ്‌ക്ക് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.















