മുംബൈ: അലക്കാൻ നൽകിയ സാരി കേടുവരുത്തി തിരികെ നൽകിയെന്ന വീട്ടമ്മയുടെ പരാതിയിൽ കമ്പനി 24,800 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. മുംബൈയിലെ ഘാട്‌കോപ്പർ സ്വദേശിയായ സഞ്ചിത സോണ്ടക്കെയുടെ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. ഉപഭോക്തൃ ഫോറത്തിന് മുന്നിൽ ഹാജരാകാത്ത കക്ഷിയുടെ അഭാവത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഘാട്‌കോപ്പർ ഈസ്റ്റിൽ താമസിക്കുന്ന സഞ്ചിത, ടംബിൾഡ്രി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡ്രൈ ക്ലീനിംഗിനായി നൽകിയ തന്റെ സാരി തിരികെ ലഭിച്ചപ്പോൾ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. വില കൂടിയ സാരി ആയതിനാൽ അവർ കമ്പനിയെ പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല. തുടർന്നാണ് അഭിഭാഷകൻ കരൺ ഗജ്ര മുഖേന മുംബൈ സബർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ഡ്രൈ ക്ലീനിംഗ് ഇൻവോയ്‌സുകൾ, കേടായ സാരിയുടെ ഫോട്ടോകൾ, വാങ്ങൽ ബില്ലുകൾ, പരാതി ആശയവിനിമയങ്ങൾ എന്നിവയുൾപ്പെടെ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ലോൺഡ്രി കമ്പനിയുടെ ഭാഗത്തുനിന്ന് വ്യക്തമായ അവഗണനയും സേവനത്തിലെ പോരായ്മയും ഉണ്ടായിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
തുടർന്ന് സാരിക്ക് കേടുപാടുകൾ വരുത്തിയതിന് നഷ്ടപരിഹാരമായി 12,800 രൂപയും, മാനസിക പീഡനത്തിനും സേവനത്തിലെ പോരായ്മയ്‌ക്കും 10,000 രൂപയും, കേസ് ചെലവുകൾക്കായി 2,000 രൂപയും ഉൾപ്പെടെ ആകെ 24,800 രൂപ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. എതിർ കക്ഷികളായ ടംബിൾഡ്രി സൊല്യൂഷൻസും അതിന്റെ ഘാട്‌കോപ്പർ ഫ്രാഞ്ചൈസിയും 45 ദിവസത്തിനുള്ളിൽ ഉത്തരവ് പാലിക്കണം, അല്ലാത്തപക്ഷം തുകയ്‌ക്ക് പ്രതിവർഷം 2 ശതമാനം പലിശ ലഭിക്കുമെന്നും കോടതി പറഞ്ഞു.















