കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയ വിജയത്തോടെ ചരിത്ര നേട്ടം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിനെ മറികടന്നാണ് സഞ്ജുവിന്റെ നേട്ടം.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ സാംസണിന്റെ 32-ാം വിജയമാണിത്. വോണിന്റെ 31 വിജയങ്ങൾ എന്ന റെക്കോർഡാണ് മറികടന്നത്. 2008-11 കാലയളവിൽ ക്യാപ്റ്റനായിരുന്ന ഷെയ്ൻ വോണിന്റെ കീഴിൽ രാജസ്ഥാൻ, 31 വിജയങ്ങളും 24 തോൽവികളും നേടി. 2021 മുതൽ രാജസ്ഥാന്റെ നായക സ്ഥാനം ഏറ്റെടുത്ത സഞ്ജു ടീമിന് 32 വിജയങ്ങൾ നേടിക്കൊടുത്തു. അതേസമയം 29 മത്സരങ്ങളിൽ തോൽവിയും വഴങ്ങി.
പരിക്ക് മാറി സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് 50 റൺസിന്റെ മിന്നും ജയമാണ് സ്വന്തമാക്കി. 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു എത്തിയതോടെ പഞ്ചാബിനെതിരെ ബാറ്റിംഗിലും ബൗളിംഗിലും രാജസ്ഥാൻ തിളങ്ങി. പഞ്ചാബിലെ ചണ്ഡീഗഢ് സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ടീം സ്കോർ 200 കടക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു.