പാലക്കാട്: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അമ്മയ്‌ക്കും മകനും നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ മകന് ദാരുണാന്ത്യം. അമ്മ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കണ്ണാടൻചോല അത്താണിപ്പറമ്പിൽ കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23) ആണ് മരിച്ചത്. അലന്റെ അമ്മ വിജി (46)യാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം. പുതുപ്പരിയാരത്തുള്ള ബന്ധുവീട്ടിൽ പോയി വരുമ്പോഴാണ് ഇരുവർക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് അടിക്കുകയും കാൽകൊണ്ട് തൊഴിക്കുകയും ചെയ്തു. പിന്നാലെ വന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി തന്നെയാണ് ഫോൺ ചെയ്ത് പരിസരവാസികളെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരെത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. അലൻ ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാതും പരിക്കേറ്റ വിജി തൃശൂർ മെഡിക്കൽ കോളേജിൽ ചികിസ്തയിലാണ്.
മുണ്ടൂരിലും പരിസരപ്രദേശങ്ങളിലും കഴിച്ച ഒരാഴ്ചയായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. അലന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ കൂടുതൽ ആ൪ആ൪ടി അംഗങ്ങളെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.















