മധ്യ അറബിക്കടലിൽ വച്ച് പരിക്കുപറ്റിയ പാകിസ്താനി മത്സ്യത്തൊഴിലാളിക്ക് അടിയന്തിര വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. മേഖലയിൽ വിന്യസിച്ചിരുന്ന ഐഎൻഎസ് ത്രികാന്തിലെ ഉദ്യോഗസ്ഥരാണ് സമയോചിത സഹായം ലഭ്യമാക്കിയത്. അൽ ഒമീദി എന്ന ഇറാനിയൻ മത്സ്യബന്ധന കപ്പലിൽ നിന്നുള്ള SOS സന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അടിയന്തിര പ്രതികരണമുണ്ടായത്.
ഒമാൻ തീരത്ത് നിന്ന് ഏകദേശം 350 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ കണ്ടെത്തിയത്. എഞ്ചിൻ നന്നാക്കുന്നതിനിടെ കപ്പലിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിയുടെ വിരലുകൾക്ക് പരിക്കേൽക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ക്രൂ അംഗത്തെ ഇറാനിലേക്ക് പോവുകയായിരുന്ന മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്‌വി അബ്ദുൾ റഹ്മാൻ ഹൻസിയയിലേക്ക് മാറ്റി.
ഇവിടെയെത്തിയ ഐഎൻഎസ് ത്രികാന്തിലെ മെഡിക്കൽസംഘം പാകിസ്താനി യുവാവിന് അടിയന്തര പരിചരണം ഉറപ്പാക്കി. ഇയാൾക്ക് ഒന്നിലധികം ഒടിവുകളും കയ്യിൽ ഗുരുതര മുറിവുകളും ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലോക്കൽ അനസ്തേഷ്യ നൽകിയ ശേഷം, കപ്പലിലെ മെഡിക്കൽ സംഘം പരിക്കേറ്റ വിരലുകളിൽ തുന്നലും സ്പ്ലിന്റിങ്ങും നടത്തി, മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഇതോടെ രക്തസ്രാവം യഥാസമയം നിയന്ത്രിക്കാൻ കഴിഞ്ഞു.
ഇറാനിൽ എത്തുന്നതുവരെ ഇയാളുടെ ക്ഷേമം ഉറപ്പാക്കാൻ ആൻറിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സാധനങ്ങൾ കപ്പലിന് നൽകി. തങ്ങളുടെ സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ സമയബന്ധിതമായി സഹായിച്ചതിന് മുഴുവൻ ജീവനക്കാരും ഇന്ത്യൻ നാവികസേനയോട് നന്ദി അറിയിച്ചുവെന്നും നാവിക സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
#IndianNavy‘s Mission deployed stealth frigate #INSTrikand provided critical medical assistance to an injured Pakistani (Baloch) crew member aboard the FV Abdul Rehman Hanzia in the mid Arabian Sea.
The ship’s Medical Officer performed intricate surgery at sea for over three… pic.twitter.com/g5yRT9cuXq— SpokespersonNavy (@indiannavy) April 6, 2025















