മുംബൈ: വാങ്കഡെയിൽ വിരാട് കോലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും നിറഞ്ഞാടിയ മത്സരത്തിൽ ആർ.സി.ബിക്ക് കൂറ്റൻ സ്കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ ഫിൽ സാൾട്ട് പുറത്തായി. ആദ്യ പന്തിൽ മനോഹരമായ ബൗണ്ടറി നേടിയ താരത്തിന്റെ കുറ്റ് ബോൾട്ട് തെറിപ്പിച്ചു. നാലു റൺസായിരുന്നു സമ്പാദ്യം.
പിന്നീട് ക്രീസിൽ ഒന്നിച്ച ദേവ്ദത്ത് പടിക്കലും (22 പന്തിൽ 37റൺസ്) വിരാട് കോലിയും (42 പന്തിൽ 67 റൺസ് ) ചേർന്ന് പവർ പ്ലേയിൽ നേടിയത് 73 റൺസായിരുന്നു. ഇരുവരും ചേർന്ന് 91 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മലയാളി താരം വിഘ്നേഷ് പുത്തൂരാണ് ഈ പാർട്ണർഷിപ്പ് പൊളിച്ച് പടിക്കലിനെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ലിവിംഗ്സ്റ്റണിന് രണ്ടു പന്തിന്റെ ആയുസേയുണ്ടായിരുന്നുള്ളു. ഇതിന് മുൻപേ വിരാട് കോലിയും വീണു. ഹാർദിക്കിന് തന്നെയായിരുന്നു രണ്ടു വിക്കറ്റും.
പിന്നീട് ക്രീസിലൊന്നിച്ച ജിതേഷ് ശർമയും രജതും (32 പന്തിൽ 64) മുംബൈ ബൗളർമാരെ ദയാദാക്ഷണ്യമില്ലാതെ കടന്നാക്രമിക്കുകയായിരുന്നു. ജിതേഷ് 19 പന്തിൽ 40 റൺസെടുത്തു. ക്യാപ്റ്റൻ പാണ്ഡ്യയും ബോൾട്ടും ചാഹറും സാൻ്റനറും തല്ലുവാങ്ങി. എന്നാൽ ഐപിഎല്ലിൽ മടങ്ങിയെത്തിയ ബുമ്രയ്‌ക്ക് വിക്കറ്റ് ലഭിച്ചില്ലെങ്കിലും റൺസ് വിട്ടുനൽകുന്നതിൽ മിതത്വം പാലിച്ചു. ഓരോവർ മാത്രം പന്തെറിഞ്ഞ വിഘ്നേഷ് പുത്തൂർ മൈതാനം വിട്ടിരുന്നു. താരത്തിന് പകരം രോഹിത് ഇംപാക്ട് സമ്പായി എത്തി. യുവതാരത്തിന് പരിക്കാണെന്നും സംശയമുണ്ട്. രണ്ടുവിക്കറ്റെടുത്ത ബോൾട്ട് 57 റൺസ് വഴങ്ങി.