ന്യൂഡൽഹി: കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ഇന്ത്യ. ജർമ്മനിയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന കഴിഞ്ഞ വർഷത്തെ കണക്കുകളാണ് പുറത്തുവന്നത്. കഴിഞ്ഞവർഷത്തെ ആഗോള വൈദ്യുതിയുടെ 15 ശതമാനം കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിച്ചതായി ഗ്ലോബൽ എനർജി തിങ്ക് ടാങ്ക് എംബറിന്റെ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂവിന്റെ ആറാം പതിപ്പ് പറഞ്ഞു.
കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നുമുള്ള ഇന്ത്യയുടെ ഉൽപാദന ശേഷി – 215 ടെറാവാട്ട്-പർ അവർ (TWh) ആണ്. ഇത് രാജ്യത്തെ വൈദുതി ഉത്പാദനത്തിന്റെ ഏകദേശം പത്ത് ശതമാനം വരും. ഇന്ത്യയിലും സൗരോർജ്ജ ഉത്പാദനത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് ഉണ്ടായി. 2024 ൽ രാജ്യത്തെ വൈദ്യുതിയുടെ 7 ശതമാനം സൗരോർജ്ജത്തിൽ നിന്നാണ് ലഭിച്ചത്, 2021 മുതൽ ഉത്പാദനം ഇരട്ടിയായി. 2024 ൽ ഇന്ത്യ 24 ജിഗാവാട്ട് (GW) സൗരോർജ്ജ ശേഷി കൂട്ടിച്ചേർത്തു. 2023 ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാണിത്. ഈ നേട്ടം ചൈനയ്‌ക്കും യുഎസിനും ശേഷം മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യയെ മാറ്റി.
ഇന്ത്യയെ “സൗരോർജ്ജ സൂപ്പർ പവർ” എന്ന് വിശേഷിപ്പിച്ച യുഎൻ കാലാവസ്ഥാ വ്യതിയാന മേധാവി സൈമൺ സ്റ്റീൽ ആഗോള ശുദ്ധ ഊർജ്ജ കുതിച്ചുചാട്ടം പൂർണമായും സ്വീകരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയെ ത്വരിതപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. 2022-ൽ UNFCCC-യിൽ സമർപ്പിച്ച കാലാവസ്ഥാ പ്രതിബദ്ധതകളുടെയോ ദേശീയതലത്തിൽ നിർണയിക്കപ്പെട്ട സംഭാവനകളുടെയോ (NDCs) ഭാഗമായി, 2030 ആകുമ്പോഴേക്കും ഇന്ത്യ അതിന്റെ സ്ഥാപിത വൈദ്യുതി ശേഷിയുടെ 50 ശതമാനം ഫോസിൽ ഇന്ധന സ്രോതസ്സുകളിൽ നിന്ന് നേടാനാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 500 ജിഗാവാട്ട് ഫോസിൽ ഇതര ഇന്ധന ശേഷി കൈവരിക്കുക എന്ന ലക്ഷ്യവും 2021 ൽ രാജ്യം പ്രഖ്യാപിച്ചു.