പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ. പാലക്കാട് ഡിഎഫ്ഒയാണ് വനംവകുപ്പിനെ ന്യായീകരിച്ച് റിപ്പോർട്ട് ഇറക്കിയത്. ഫെൻസിംഗ് തകർത്താണ് കാട്ടാന എത്തിയതെന്നും മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, വനംവകുപ്പിന് വീഴ്ച സംഭവിച്ചുവെന്നാണ് കളക്ടറുടെ റിപ്പോർട്ട്. കാട്ടാന ഇറങ്ങിയതിന്റെ ഒരു മുന്നറിയിപ്പും കിട്ടിയില്ലെന്ന് നാട്ടുകാർ പറഞ്ഞതായും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാണ്. വ്യത്യസ്ത റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം തേടുമെന്ന് കളക്ടർ അറിയിച്ചു.
മരിച്ച അലന്റെ അമ്മ വിജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ അന്വേഷിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലത്തേക്ക് കൂടുതൽ ആർആർടികളെ വിന്യസിക്കും. ആനകളെ ഉൾവനത്തിലേക്ക് തുരത്തുകയോ സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കുകയോ ചെയ്യും.
ആറാം തീയതി വൈകിട്ടാണ് കയറംകോടം സ്വദേശികളായ അമ്മയ്‌ക്കും മകനും നേരെ കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അലൻ ചികിത്സക്കിടെ മരിക്കുകയായിരുന്നു.