രാഷ്‌ടീയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ പാകിസ്താനിലെ വിദേശ നിക്ഷേപങ്ങൾ പിൻവലിച്ച് രാജ്യങ്ങൾ. ഇംഗ്ലണ്ടും യുഎഇയും അമേരിക്കയുമാണ് ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താനുമേൽ 29 % ഇറക്കുമതി തീരുവ കൂടി ചുമത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന് 1.163 ബില്യൺ ഡോളർ വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതിൽ 1.121 ബില്യൺ ഡോളർ 2024 ജൂലൈ 1 നും 2025 മാർച്ച് 14 നും ഇടയിൽ പിൻവലിക്കപ്പെട്ടു. വെറും 42 മില്യൺ ഡോളർ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ 710 മില്യൺ ഡോളർ നിക്ഷേപിച്ച ഇംഗ്ലണ്ട് 625 മില്യൺ ഡോളർ പിൻവലിച്ചപ്പോൾ യുഎഇയും അമേരിക്കയും യഥാക്രമം 205 മില്യൺ ഡോളറും 130 മില്യൺ ഡോളറും പിൻവലിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് ഒരു കനത്ത തിരിച്ചടിയാണ്.
ഓരോവർഷവും പാകിസ്താനുമേൽ അധിക ബാധ്യതയായി 25 ബില്യൺ ഡോളറിന്റെ ബാഹ്യകടം കുമിഞ്ഞുകൂടുകയാണ്. പാപ്പരത്തത്തിന്റെ വക്കിലെത്തിനിൽക്കുന്ന രാജ്യം ഐഎംഎഫിൽ നിന്നും ധനസഹായം തേടുന്നതിനൊപ്പം ചൈന, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി കടമെടുപ്പിനുള്ള സാധ്യതകൾക്ക് ശ്രമിക്കുകയാണ്. രാഷ്‌ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയും കുറഞ്ഞ വളർച്ചാ സൂചകങ്ങളുമാണ് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതെന്നാണ് പാക് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.















