കഴിഞ്ഞ ദിവസമായിരുന്നു സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തത്. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ മുതിർന്ന നേതാവായ എംഎ ബേബി പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയപ്പോൾ അക്കാര്യം ത്രിപുരയിലും വലിയ ചർച്ചയായിരുന്നു. കാരണം നിലവിൽ ഇടതുപക്ഷം പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന ഏക സംസ്ഥാനം ത്രിപുരയാണ്. 25 വർഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന് ഫുൾ സ്റ്റോപ്പിട്ട് ബിജെപി അധികാരത്തിൽ എത്തിയതോടെ ത്രിപുരയിൽ 2018 മുതൽ ‘കനൽ ഒരുതരി’ പ്രതിപക്ഷ സ്ഥാനത്താണ്. എംഎ ബേബി സിപിഎമ്മിന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ത്രിപുരയിലെ ബിജെപി നേതാവും എംപിയും മുൻ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാർ ദേബിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
എംഎ ബേബി CPMന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ എന്താണ് അഭിപ്രായമെന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്ക് ബേബിയെ അറിയില്ലെന്നും ഗൂഗിൾ ചെയ്ത് നോക്കി മനസിലാക്കണമെന്നുമായിരുന്നു ബിപ്ലവ് കുമാറിന്റെ പ്രതികരണം.
എംഎ ബേബിയെ അറിയില്ല. അദ്ദേഹം ഒരുപക്ഷെ പാർട്ടിയുടെ വിശ്വസ്തനും കഴിവുറ്റ വ്യക്തിയുമായിരിക്കാം. പക്ഷെ അദ്ദേഹത്തെ എനിക്ക് ഗൂഗിൾ ചെയ്ത് നോക്കേണ്ടതുണ്ട്. – ഇതായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വാക്കുകൾ. അക്കാദമിക് ബിരുദത്തിനപ്പുറമാണ് നേതൃപാടവം. ഒരാൾക്ക് പ്രൊഫസറോ, എഞ്ചിനീയറോ, ടീച്ചറോ ആകാം. പക്ഷെ വിജയിച്ച നേതാവ് രാജ്യവ്യാപകമായ അംഗീകാരം നേടിയിരിക്കണം. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നേതാക്കളുടെ ദൗർലഭ്യം സിപിഎമ്മിലുണ്ട്. നരേന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരെ പോലെ ജനപ്രീതി നേടിയ നേതാക്കൾ CPM-ൽ ഇല്ലെന്നും ബിപ്ലബ് കുമാർ പറഞ്ഞു.















