ഛണ്ഡീഗഢ്: ബിജെപി നേതാവും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയയാൾ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹായിയും എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിലെ മുഖ്യ പ്രതിയുമായ സീഷൻ അക്തറാണ് അറസ്റ്റിലായത്.
പാകിസ്താൻ ഭീകര സംഘടനായ ഐഎസ്ഐയുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഐഎസ് ഭീകരരുമായി ഗൂഢാലോചന നടത്തിയെന്നും പഞ്ചാബിലെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്നും അന്വേഷണത്തിൽ വ്യക്തമായി. ആക്രമണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷ്ണൽ ഭീകരൻ ഹാപ്പി പാസിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതോടെ ലോറൻസ് ബിഷ്ണോയി സംഘം ഖാലിസ്ഥാൻ ഭീകരരുമായും ഐഎസ്ഐയുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിന് വ്യക്തമായി.
ഇന്ന് പുലർച്ചെയാണ് മനോരഞ്ജൻ കാലിയയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. സംഭവസമയത്ത് മനോരഞ്ജൻ കാലിയ വീട്ടിലുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ എത്തുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടന്ന വിശദന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.