ടോസ് നേടി ലക്നൗവിന് ബാറ്റിംഗ് നൽകാനുള്ള തീരുമാനത്തെ കൊൽക്കത്ത നായകൻ രഹാനെ പഴിക്കുന്നുണ്ടാകും. നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണ് അതിഥികൾ അടിച്ചുകൂട്ടിയത്. എയ്ഡൻ മാർക്രവും മിച്ചൽ മാർഷും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് ലക്നൗവിന് നൽകിയത്. പത്തോവറിൽ 99 റൺസ് ചേർത്ത ശേഷമാണ് ഈ കുട്ടുകെട്ട് പിരിയുന്നത്. 28 പന്തിൽ 47 റൺസെടുത്ത മാർക്രത്തെ ഹർഷിത് ബൗൾഡാക്കുകയായിരുന്നു.
മാർക്രം പോയപ്പോൾ ആശ്വസിക്കാമെന്ന് കരുതിയ കൊൽക്കത്തയെ ഏറ്റവും കൂടുതൽ വെള്ളം കുടുപ്പിച്ചത് പിന്നാലെയെത്തിയ നിക്കോളാസ് പൂരനായിരുന്നു. മാർഷ് 36 പന്തിലാണ് അർദ്ധശതകം കടന്നതെങ്കിൽ പൂരൻ 21 പന്തിലാണ് 50 തികച്ചത്. ബൗണ്ടറികളും സിക്സറുകളും ഓരോ ഓവറിലും ഗാലറികളിലേക്ക് മൂളി പറന്നു. കൊൽക്കത്ത ബൗളർമാർ പലപ്പോഴും യുദ്ധം കീഴടങ്ങിയ പോരാളികൾക്ക് സമമായിരുന്നു. മാർഷ് പൂരൻ സഖ്യം 30 പന്തിൽ 71 റൺസാണ് സ്കോർബോർഡിലേക്ക് ചേർത്തത്
മിച്ചൽ മാർഷ് 41 പന്തിൽ 81 റൺസ് നേടി. 5 കൂറ്റൻ സിക്സറുകളാണ് പറത്തിയത്. പൂരൻ 36 പന്തിൽ നേടിയത് 87 റൺസായിരുന്നു. 8 തവണയാണ് പന്ത് ഗാലറിയിലേക്ക് പറന്നത്. നാലോവറിൽ അമ്പതിലേറെ റൺസ് വഴങ്ങിയ ഹർഷിദ് രണ്ടു വിക്കറ്റ് നേടി. റസലിന് ഒരു വിക്കറ്റും ലഭിച്ചു.