അപ്രതീക്ഷിത നീക്കവുമായി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ. മുനമ്പത്തേത് വഖ്ഫ് ഭൂമി അല്ലെന്ന് ഫാറൂഖ് കോളേജിന് സ്ഥലം നൽകിയ സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ നിലപാട് വ്യക്തമാക്കി. തർക്കഭൂമി വഖ്ഫാണെന്നും തിരിച്ചെടുക്കണമെന്നും വഖ്ഫ് ബോർഡിൽ ഹർജി നൽകിയ സിദ്ദിഖ് സേഠിന്റെ മകൾ സുബൈദയുടെ മക്കളാണ് പെട്ടെന്ന് നിലപാട് മാറ്റിയത്. മുനമ്പത്തേത് വഖ്‌ഫ് ഭൂമിയാണെന്നായിരുന്നു കാലങ്ങളായി ഇവരുടെ നിലപാട്.
മുനമ്പം ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വാദം കോഴിക്കോട് വഖ്‌ഫ് ട്രിബ്യൂണലിൽ ആരംഭിച്ചതിന് പിന്നാലെയാണ് മുൻ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ രംഗത്തെത്തിയത്. സിദ്ധിഖ് സേഠിന്റെ മറ്റു മക്കളായ ഇർഷാദ് സേട്ടും നസീർ സേട്ടും ഭൂമി വഖ്ഫാണെന്ന നിലപാടിൽ തുടരുമ്പോഴാണ് സുബൈദയുടേ മക്കളുടെ നിലപാട് മാറ്റം. ഭൂമി ഫാറൂഖ് കോളേജിന് രജിസ്റ്റർ ചെയ്തുനൽകിയപ്പോൾ ക്രയവിക്രയം ഫാറൂഖ് കോളേജിന് പൂർണമായും നൽകിയതായി പരാമർശമുണ്ട്. മാത്രമല്ല, ശേഷിച്ച ഭൂമി ഉടമസ്ഥർക്ക് തിരികെ നൽകാനും വ്യവസ്ഥയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഭൂമി വഖ്ഫ് അല്ലെന്നതിന് തെളിവാണെന്നാണ് സുബൈദയുടെ മക്കളുടെ അഭിഭാഷകൻ വാദിച്ചത്.
ഭൂമി വഖ്ഫല്ലെന്ന് ഫാറൂഖ് കോളേജിന് വേണ്ടി ഹാജരായ അഭിഭാഷകരും ട്രിബ്യൂണലിന് മുൻപാകെ വാദിച്ചിരുന്നു. ഭൂമി ദാനമായി കിട്ടിയതാണെന്നും വഖ്ഫ് ആയി പ്രഖ്യാപിച്ച ബോർഡിന്റെ തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റാണ് വഖ്‌ഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.
ആധാരത്തിൽ രണ്ടുതവണ വഖ്ഫ് എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ചൂണ്ടിക്കാട്ടി ഭൂമി വഖഫ് തന്നെയാണെന്ന് വഖഫ് ബോർഡ് കഴിഞ്ഞദിവസം വാദിച്ചിരുന്നു. ഫാറൂഖ് കോളേജ് മത-ജീവകാരുണ്യ സ്ഥാപനമല്ലാത്തതിനാൽ ഭൂമി നൽകിയതിനെ വഖ്ഫായി പരിഗണിക്കാനാവില്ലെന്ന് മുനമ്പം നിവാസികളും വാദിച്ചു. കേസിൽ വാദം കേൾക്കൽ തുടരുകയാണ്. അതിനിടയിൽ സുബൈദയുടെ മക്കളുടെ ഭാഗത്തുനിന്നുണ്ടായ നിലപാട് മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഇനി അറിയേണ്ടത്. കേസുമായി ബന്ധപ്പെട്ട മുൻ കോടതി വിധികളും വഖ്‌ഫ് ട്രൈബ്യൂണൽ ഇപ്പോൾ പരിശോധിക്കുന്നുണ്ട്.