ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ജില്ലയിലെ ദൊരാങ്ല ഗ്രാമത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അതിർത്തിക്ക് സമീപം ബിഎസ്എഫ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് ഒളിപ്പിച്ച നിലയിൽ ഐഇഡികൾ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കൂടുതൽ പരിശോധനയിൽ മൂന്ന് ഐഇഡികൾ കണ്ടെത്തി. ഇത് നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. ഐഇഡികളിലൊന്ന് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ ജവാനെ കൂടുതൽ ചികിത്സയ്‌ക്കായി അമൃത്സറിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ജവാന്മാർക്കും നിസാര പരിക്കുകൾ പറ്റിയിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തിയുടെ 532 കിലോമീറ്റർ മുഴുവൻ ബിഎസ്എഫ് ജാഗ്രതാ നിർദ്ദേശം നൽകുകയും സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള കൃഷി നിർത്തിവയ്‌ക്കുകയും ചെയ്തു.