കോഴിക്കോട്: കോഴിക്കോട് വിർച്വൽ അറസ്റ്റ് വഴി വൃദ്ധന്റെ പണം തട്ടി. മുംബൈയിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായിരുന്ന 83 കാരന് 8.8 ലക്ഷം രൂപയാണ് നഷ്ടമായത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടിയത്.
ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസിൽ നിന്നും ഒഴിവാക്കണമെങ്കിൽ ബാങ്ക് രേഖകൾ അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ അയച്ചുനൽകിയതോടെയാണ് വൃദ്ധന് പണം നഷ്ടമായത്.
ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായെന്ന് വൃദ്ധൻ മനസിലാക്കുന്നത്. തുടർന്നിയാൾ എലത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.















