രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റർ സായ് സുദർശൻ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു ഇന്ത്യൻ ബാറ്റർക്കും അവകാശപ്പെടാനാകാത്ത റെക്കോർഡ് തന്റെ പേരിൽ എഴുതിച്ചേർത്തു. കഴിഞ്ഞ മത്സരത്തിൽ 53 പന്തിൽ നിന്ന് 82 റൺസ് നേടിയ താരം സീസണിലെ തന്റെ മൂന്നാമത്തെ അർദ്ധശതകം നേടി. സുദർശന്റെ പ്രകടനമാണ് ഗുജറാത്തിനെ 217 റൺസ് എന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.
രാജസ്ഥാനെതിരായ മത്സരത്തിൽ സായ് സുദർശൻ നേടിയ 82 റൺസ് ഐപിഎല്ലിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടർച്ചയായ അഞ്ചാമത്തെ ഫിഫ്റ്റി പ്ലസ് സ്കോറാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരേ വേദിയിൽ തുടർച്ചയായി അഞ്ച് അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററും ലോകത്തിലെതന്നെ രണ്ടാമത്തെ ബാറ്ററുമാണ് സായ് സുദർശൻ.
അഹമ്മദാബാദിൽ ആർസിബിക്കെതിരെ 84 ഉം ചെന്നൈയ്‌ക്കെതിരെ 103 ഉം പഞ്ചാബിനെതിരെ 74 ഉം മുംബൈക്കെതിരെ 63 ഉം രാജസ്ഥാനെതിരെ 80 ഉം റൺസ് താരം നേടിയിട്ടുണ്ട്. സായി സുദർശനു മുമ്പ്, എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബെംഗളൂരുവിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 2018 മുതൽ 2019 വരെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടർച്ചയായി അഞ്ച് തവണ ഡിവില്ലിയേഴ്‌സ് അർദ്ധസെഞ്ച്വറിക്ക് മുകളിൽ സ്‌കോർ ചെയ്തിട്ടുണ്ട്.