കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാനെ പരാജയപ്പെടുത്തി 8 പോയിന്റുമായി ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. അതേസമയം ഗുജറാത്തിനോട് 58 റൺസിന്റെ കനത്ത തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാൻ ഏഴാം സ്ഥാനത്തുതന്നെ തുടരുകയാണ്. നെറ്റ് റൺ റേറ്റിൽ നേരിയ വ്യത്യാസം മാത്രമുള്ളതിനാൽ അടുത്ത മത്സരം ജയിച്ചാൽ -0.733 നെറ്റ് റണ്‍റേറ്റുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാനെ മറികടക്കാന്‍ മുംബൈ ഇന്ത്യൻസിന്(-0.010) സാധ്യതയേറും
മൂന്ന് കളികളിൽ മൂന്നും ജയിച്ച് ആറ് പോയിന്റുള്ള ഡൽഹി കാപിറ്റൽസാണ് രണ്ടാമത്. ആറ് പോയിന്റ് വീതമുള്ള ആർസിബിയും പഞ്ചാബും ലഖ്‌നൗ സൂപ്പർ ജയൻസുമാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. രാജസ്ഥാനും കൊൽക്കത്തയ്‌ക്കും നാല് പോയിന്റ് വീതമാണെങ്കിലും റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത ആറാം സ്ഥാനത്താണ്. അഞ്ച് തവണ ഐപിഎൽ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും അവസാന 8,9 സ്ഥാനക്കാരാണ്. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാർ ഇപ്പോഴും സൺറൈസേഴ്‌സ് ഹൈദരാബാദാണ്.
അവസാന മൂന്ന് സ്ഥാനക്കാരായ ടീമുകൾക്കും അഞ്ച് കളികളിൽ നിന്ന് ഒരു വിജയം മാത്രമാണ് ഇതുവരെ നേടാനായിട്ടുള്ളത്. അതേസമയം റൺ വേട്ടയിൽ ലഖ്‌നൗ താരം നിക്കോളസ് പുരാൻ തന്നെയാണ് ഇപ്പോഴും മുന്നിൽ. അഞ്ച് കളികളിൽ നിന്ന് 288 റൺസാണ് താരം നേടിയത്. അഞ്ച് കളികളിൽ നിന്ന് 273 റൺസുമായി ഗുജറാത്ത് താരം സായി സുദർശൻ തൊട്ടുപിന്നാലെയുണ്ട്. അഞ്ച് കളികളിൽ നിന്നും 11 വിക്കറ്റ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് താരം നൂർ അഹമ്മദാണ് പർപ്പിൾ ക്യാപ്പ് കൈവശം വച്ചിരിക്കുന്നത്.