ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതിൽ ജൽ-വായു വിഹാറും ഹരിദ്വാറിലെ കുംഭമേളയും. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യോമസേന, നാവികസേന അംഗങ്ങളുടെ പാർപ്പിട സമുച്ഛയങ്ങൾ ഉൾപ്പെടെ ആളുകൾ തിങ്ങിപാർക്കുന്ന വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
ഹരിദ്വാറിലെ കുംഭമേള, രാജസ്ഥാനിലെ പുഷ്കർ മേള എന്നിവയും ഭീകരർ ലക്ഷ്യമിട്ടിരുന്നെന്നും എൻഐഎയുടെ മുൻ ഇൻസ്പെക്ടർ ജനറൽ ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തി. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. കൊച്ചിയിൽ യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സന്ദീപ് ഉണ്ണിത്താൻ എന്ന വ്യക്തിയുടെ വെളിപ്പെടുത്തലും നിർണായകമാണ്. മുംബൈയിലെ ജൽ വായു വിഹാർ ആക്രമിക്കാൻ റാണ പദ്ധതിയിട്ടിരുന്നു. അതിനായി 2010-ൽ പൊവൈയിലെ ഒരു ഹോട്ടലിൽ താമസിച്ച് പാർപ്പിട സമുച്ചയം നിരീക്ഷിച്ചുവന്നിരുന്നു. ജൽ വായു വിഹാർ ആക്രമിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് റാണ മുംബൈ ഭീകരാക്രമണത്തിന് പ്രധാനപങ്കുവഹിച്ച പാകിസ്താനി-അമേരിക്കൻ ദാവൂദ് ഗിലാനിയോട് പറഞ്ഞിട്ടുണ്ടെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എക്സ് പോസ്റ്റിലൂടെ പങ്കുവച്ചു.
വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ചോദ്യം ചെയ്യലിന് റാണയെ എൻഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോകും.















