കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് പിഴയിട്ട് ബിസിസിഐ. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് താരത്തിന് കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴയിട്ടത്. 24 ലക്ഷമാണ് ക്യാപ്റ്റനെതിരെ പിഴ ചുമത്തിയത്. മത്സരത്തിൽ 58 റൺസിന്റെ തോൽവിയും രാജസ്ഥാൻ ഏറ്റുവാങ്ങിയിരുന്നു. നേരത്തെ ചെന്നൈക്ക് എതിരെയുള്ള മത്സരത്തിൽ താത്കാലിക ക്യാപ്റ്റനായ റിയാൻ പരാഗിനും കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചിരുന്നു.
അന്ന് 12 ലക്ഷമായിരുന്നു പിഴയെങ്കിൽ തെറ്റ് ആവർത്തിച്ചതോടെ പിഴ ഇരട്ടിയാക്കുകയായിരുന്നു. ഇംപാക്‌ട് പ്ലെയർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് മാച്ച് ഫീയുടെ 25 ശതമാനവും പിഴയുണ്ട്. ഐപിഎൽ പെരുമാറ്റച്ചട്ടം 2.22 അനുഛേദത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംബന്ധിച്ച കുറ്റത്തെക്കുറിച്ച് പറയുന്നത്. 218 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ 159ന് പുറത്താവുകയായിരുന്നു. തന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് മത്സരം തങ്ങൾ തോറ്റതെന്ന് സഞ്ജു മത്സര ശേഷം പ്രതികരിച്ചു.