കരുവന്നൂർ കേസിൽ നിർണായക നീക്കവുമായി ഇഡി. കേസിൽ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച കണ്ടെത്തലുകൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറും. PMLA നിയമത്തിലെ സെക്ഷൻ 66 (2) പ്രകാരമാണ് നടപടി. കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ അതേ കേസ് അന്വേഷിക്കുന്ന മറ്റൊരു ഏജൻസിയെ അറിയിക്കാൻ അനുവദിക്കുന്നതാണ് PMLA 66 (2).
CPMനെ പ്രതിചേർത്തതിന്റെയും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളാണ് ഡിജിപിക്ക് കൈമാറുക. വായ്പയെടുത്ത് ബാങ്കിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് പിന്നാലെയാകും നടപടി.
നാല് വർഷമായിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എവിടെയും എത്താത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചിരുന്നു. രേഖകളെല്ലാം ഇഡി കൊണ്ടുപോയതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകാത്തതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ കേസ് സിബിഐയ്‌ക്ക് കൈമാറേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇഡി നീക്കം.
അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കൈമാറിയില്ലെന്ന ആരോപണം തെറ്റാണെന്നാണ് വിവരം. വിചാരണ കോടതി മുഖേന മുഴുവൻ രേഖകളും ക്രൈംബ്രാഞ്ചിന് കൈമാറി. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്. രേഖകൾ വിട്ടുനൽകാൻ കോടതി നിർദ്ദേശിച്ച സമയപരിധി 4 മാസമാണ്. ഇതുപ്രകാരമായിരുന്നു രേഖകൾ കൈമാറിയത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും രേഖകൾ മടക്കി നൽകാതെ വന്നപ്പോൾ വീണ്ടും കോടതിയെ സമീപിച്ചെന്ന് ഇഡി പറയുന്നു.
രേഖകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചതിനാലാണ് തിരികെ നൽകാൻ വൈകുന്നതെന്നാണ് ക്രൈംബ്രാഞ്ച് ഇതിന് നൽകിയ മറുപടിയെന്നും ഇഡി വ്യക്തമാക്കി. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡി നൽകാത്തതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന പൊലീസ് വാദമാണ് ഇതോടെ പൊളിഞ്ഞത്.















