തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്ന പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ. തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവറെയാണ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ഡിപ്പോയിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയത്. എന്നാൽ താൻ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറിലായിരുന്നെന്നുമാണ് ഡ്രൈവർ ജയപ്രകാശ് പറയുന്നത്.
ചെയ്യാത്ത തെറ്റിന് നടപടി നേരിട്ടതിനെതിരെ കുടുംബത്തോടൊപ്പം ഡിപ്പോയിൽ പ്രതിഷേധിക്കുകയാണ് ജയപ്രകാശ്. സത്യം തെളിയുന്നത് വരെ നിരാഹാരസമരം തുടരുമെന്നാണ് ജയപ്രകാശ് പറയുന്നു. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിക്കാത്ത വ്യക്തിയാണെന്നും എന്നാൽ തന്നെ എല്ലാവരും ഇപ്പോൾ മദ്യപാനിയെ പോലെയാണ് കാണുന്നതെന്നും ജയപ്രകാശ് പ്രതികരിച്ചു.
മെഷീൻ തകരാറാണെന്ന് പറഞ്ഞ് പരാതി നൽകിയിട്ടും മെഷീൻ മാറ്റിയിരുന്നില്ല. മാനസികമായി തന്നെ പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. നീതിക്ക് വേണ്ടി എവിടെ പോകണമെന്ന് തനിക്കറിയില്ലെന്നും ജയപ്രകാശ് പറഞ്ഞു. ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് കുടുംബത്തോടൊപ്പം പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ജയപ്രകാശ് മദ്യപിക്കാത്ത വ്യക്തിയാണെന്നാണ് സഹപ്രവർത്തകർ ഉൾപ്പെടെ പറയുന്നത്.
ഇന്ന് പുലർച്ചെയാണ് ജയപ്രകാശ് ഡ്യൂട്ടിക്കായി എത്തുന്നത്. തുടർന്നായിരുന്നു പരിശോധന. അമ്പതോളം ആളുകളെ പരിശോധിച്ചിരുന്നു. എന്നാൽ ജയപ്രകാശിനെ പരിശോധിച്ചപ്പോൾ 16 ശതമാനം മദ്യപിച്ചിരുന്നുവെന്നാണ് മെഷീൻ കാണിച്ചത്. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. സംഭവത്തിൽ പാലോട് പൊലീസിലും ജയപ്രകാശ് പരാതി നൽകിയിട്ടുണ്ട്. പൊലിസിന്റെ ഭാഗത്ത് നിന്നൊരു മെഡിക്കൽ പരിശോധന നടത്തണമെന്നും ജയപ്രകാശ് ആവശ്യപ്പെടുന്നുണ്ട്.