ശക്തമായ മഴയിലും ഇടിമിന്നലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 47 പേർ മരിച്ചെന്നാണ് വിവരം. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിലാണ് ആളുകൾക്ക് ജീവഹാനി സംഭവിച്ചത്.
ബിഹാറിൽ വിവിധ ജില്ലകളിലായി 25 പേർ ഇടിമിന്നലേറ്റ് മരിച്ചു. നളന്ദയിൽ 18 പേരും സിവാനിൽ രണ്ട് പേരും കത്തീഹാർ, ഗർഭാംഗ, ബെഗുസാരായ്, ഭഗൽപൂർ, ജെഹനബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയും സമാനമായ അപകടമുണ്ടായിരുന്നു. ബിഹാറിലെ നാല് ജില്ലകളിലായി 13 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്.
മരണത്തിൽ അനുശോചിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ആശ്വാസധനം നൽകുമെന്ന് പ്രഖ്യാപിച്ചു. അതേസമയം ഉത്തർപ്രദേശിലെ 15 ജില്ലകളിലായി 22 പേരാണ് മിന്നലേറ്റ് മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം അടിയന്തരമായി കൈമാറാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.















