ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിൽ വരുമെന്ന് സംസ്ഥാന ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനം സുപ്രധാനമായിരുന്നെന്നും എഐഎഡിഎംകെയുടെ വരവോടെ തമിഴ്നാട്ടിലെ എൻഡിഎ സഖ്യം കൂടുതൽ ശക്തമായി മാറിയെന്നും അണ്ണാമലൈ പറഞ്ഞു. ബിജെപിയുടെ പുതിയ അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
“വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് എൻഡിഎയുടെ ലക്ഷ്യം. ഞാനൊരു ബിജെപി പ്രവർത്തകനാണ്. നമ്മുടെ പുതിയ അദ്ധ്യക്ഷന്റെ കരങ്ങൾക്ക് ശക്തിപകരുക എന്നതാണ് എന്റെ കടമ. അമിത് ഷായുടെ സന്ദർശനത്തിന് ശേഷം ബിജെപി കൂടുതൽ ശക്തവും വലിയ സഖ്യവുമായി മാറി. ഡിഎംകെ അധികാരത്തിൽ നിന്ന് പുറത്തുപോകണമെന്നും” കെ അണ്ണാമലൈ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് നൈനാർ നാഗേന്ദ്രൻ നിയമിതനായത്. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഇന്നലെയാണ് നൈനാർ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രിമാരായ ജെ. ജയലളിത, ഒ പനീർശെൽവം എന്നിവരുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് മന്ത്രിസഭകളിൽ അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.















