യുപി സർക്കാരുമായി ചർച്ചകൾക്ക് തുടക്കമിട്ട് ഫോക്‌സ്‌കോൺ (Foxconn). സംസ്ഥാനത്ത് നിർമാണയൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം ഐഫോൺ നിർമിക്കുന്നത് ഫോക്‌സ്‌കോൺ ആണ്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യമുന എക്സ്പ്രസ് വേയ്‌ക്ക് സമീപം 300 ഏക്കറോളം ഭൂമി ഏറ്റെടുക്കാൻ ഫോക്‌സ്‌കോൺ താത്പര്യപ്പെടുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ ഫലം കണ്ടാൽ വടക്കേന്ത്യയിലെ ആദ്യ ഫോക്‌സ്‌കോൺ പ്ലാന്റാകുമിത്. ലോകത്തിലെ രണ്ടാമത്തെ വലിയ പ്ലാന്റാകാൻ പോകുന്ന ബെംഗളൂരുവിലെ പ്ലാന്റിനേക്കാൾ വലുതായിരിക്കും ഇതെന്നാണ് സൂചന.
ചൈനയ്‌ക്ക് മേൽ ചുമത്തുന്ന തീരുവ ഒഴിവാക്കാൻ തായ്‌വാൻ ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ കമ്പനിയും ആപ്പിളും ഇന്ത്യയിൽ വിതരണ ശൃംഖല സ്ഥാപിക്കാൻ ആലോചനകൾ നടത്തുന്ന സമയത്താണ് ഈ നീക്കം. എന്താണ് നിർമ്മിക്കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സർക്കാരുമായുള്ള ചർച്ചകൾ തുടരുകയാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എച്ച്‌സിഎൽ-ഫോക്‌സ്‌കോൺ പ്ലാന്റിനായി നേരത്തെ യുപി സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന ജെവാർ വിമാനത്താവളത്തിന് സമീപമാണിത്.















