2025 മാർച്ചിലെ ഐസിസി പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക്. 2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഐസിസിയുടെ അംഗീകാരം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ 243 റൺസെടുത്ത ശ്രേയസ് ഇന്ത്യയുടെ ടോപ് സ്‌കോറർമാരിൽ ഒരാളായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യൻ താരങ്ങൾക്ക് തന്നെ ഈ ഐസിസി പുരസ്കാരം ലഭിക്കുന്നത്. ഫെബ്രുവരിയിലെ പുരസ്കാരം ശുഭമാണ് ഗിൽ നേടിയിരുന്നു.
2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയയാത്രയിൽ അയ്യർ ഒരു അവിഭാജ്യ പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ സ്ട്രോക്ക്-പ്ലേ ഇന്ത്യയെ മധ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിച്ചു. പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ തീർത്തത് ടീമിനെ മികച്ച സ്കോറുകളിലേക്ക് നയിക്കാൻ ശ്രേയസിന്റെ സ്ഥിരതയുള്ള ഇന്നിംഗ്സുകൾക്ക് കഴിഞ്ഞു. സെമിഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 62 പന്തിൽ നിന്ന് 45 റൺസ് നേടിയ താരം ഫൈനലിൽ ന്യൂസിലൻഡിനെതിരെ 62 പന്തിൽ നിന്ന് 48 റൺസ് നേടി ഇന്ത്യയെ വിജയ കിരീടമണിയിച്ചു.
ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവരെ മറികടന്നാണ് ശ്രേയസിന്റെ നേട്ടം. അതേസമയം യുവ ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോളാണ് പ്ലേയർ ഓഫ് ദി മന്ത് അവാർഡ് നേടിയ വനിതാ താരം. ഓസ്ട്രേലിയയുടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് 21 കാരിയായ താരത്തെ ഐസിസി അവാർഡിനർഹയാക്കിയത്.















