മുംബൈ: വാരാന്ത്യത്തിനുശേഷമുള്ള വ്യാപാരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി. ഈ മാസം ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരത്തിന് പകരം താരിഫുകള്‍ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ഇന്ത്യന്‍ വിപണി നികത്തി. ചൊവ്വാഴ്ച വ്യാപാരത്തില്‍ എന്‍എസ്ഇ നിഫ്റ്റി50 സൂചിക 2.4% വരെ ഉയര്‍ന്നു. 500 പോയന്റ് മുന്നേറിയ നിഫ്റ്റി 23328 വരെ കുതിച്ചു. 1600 പോയന്റ് ഉയര്‍ന്ന സെന്‍സെക്‌സ് 76760 ല്‍ എത്തി.
എല്ലാ മേഖലാ സൂചികകളിലും കുതിപ്പുണ്ടായി. റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ സൂചികയായ നിഫ്റ്റി റിയല്‍റ്റി 5.20% കുതിച്ചു. നിഫ്റ്റി ഓട്ടോ സൂചിക 3.25 ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക 2.84 ശതമാനവും കുതിച്ചു. നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ് സൂചിക 2.90%, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 2.80%, ബാങ്ക് നിഫ്റ്റി 2.71% എന്നിങ്ങനെയും മുന്നേറി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫുകള്‍ മൂലമുണ്ടായ അസ്ഥിരതകള്‍ക്കിടയില്‍, ഇന്ത്യന്‍ വിപണികളെ താരതമ്യേന സുരക്ഷിതമായ ഒരു താവളമായി നിക്ഷേപകര്‍ കാണുന്നു. ഉയര്‍ന്ന താരിഫുകള്‍ നേരിടുന്ന മറ്റ് പല രാജ്യങ്ങളേക്കാളും മികച്ച രീതിയില്‍ ആഗോള മാന്ദ്യത്തെ നേരിടാന്‍ ഇന്ത്യയുടെ വലിയ ആഭ്യന്തര സമ്പദ്വ്യവസ്ഥയ്‌ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
നല്ല ആഭ്യന്തര വളര്‍ച്ചയും ചൈനയില്‍ നിന്ന് അകന്നുമാറി വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണവും പിന്തുണയ്‌ക്കുന്നതിനാല്‍, ഇടക്കാലത്തേക്ക് ഇന്ത്യന്‍ ഇക്വിറ്റികളെ സുരക്ഷിതമായി കാണുന്നുവെന്ന് ദി ഗ്ലോബല്‍ സിഐഒ ഓഫീസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗാരി ഡുഗന്‍ പറഞ്ഞു.
ചൈന-അമേരിക്കന്‍ വ്യാപാര യുദ്ധം രൂക്ഷമാകുന്നത് ചൈനയ്‌ക്ക് ബദല്‍ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുന്നു. യുഎസ് താരിഫുകള്‍ക്കെതിരായ ബെയ്ജിംഗിന്റെ പ്രതികാര നീക്കങ്ങള്‍ക്ക് വിപരീതമായി, ന്യൂഡെല്‍ഹി ഒരു അനുരഞ്ജന സ്വരത്തില്‍ എത്തുകയും ട്രംപ് ഭരണകൂടവുമായി ഒരു താല്‍ക്കാലിക വ്യാപാര കരാറിലെത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് നിക്ഷേപകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നത്.