മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘പകരം തീരുവ’ പ്രഖ്യാപനം മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും നികത്തുന്ന ലോകത്തിലെ ആദ്യ ഓഹരി വിപണിയായി ഇന്ത്യൻ വിപണി. നീണ്ട വാരാന്ത്യത്തിനുശേഷം വ്യാപാരം പുനരാരംഭിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ഓഹരി വിപണി ഇന്ന് കുതിച്ചുയർന്നു
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്‌ഇ) നിഫ്റ്റി 50 സൂചിക ഇന്ന് വ്യാപാര സെഷനിൽ 2.4 ശതമാനം വരെ ഉയർന്നു. ഇത് ഏപ്രിൽ 2 ന് ട്രംപ് തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചപ്പോഴുള്ള നിലവാരത്തിലേക്ക് സൂചികയെ തിരികെ കൊണ്ടുവന്നു.
ട്രംപിന്റെ ശത്രുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരായ ശിക്ഷാ നടപടികളെത്തുടർന്ന് ആഗോളതലത്തിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണികളെ “താരതമ്യേന സുരക്ഷിതം” എന്ന് അഭിപ്രായപ്പെടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. 1.4 ബില്യണിലധികം ജനസംഖ്യയും വലിയ ആഭ്യന്തര നിക്ഷേപകരുമുള്ള ഇന്ത്യൻ വിപണികൾക്ക് ആഗോള മാന്ദ്യത്തെ നേരിടാൻ വളരെ മികച്ച ശേഷിയുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
ഇന്ത്യ തീരുവ ഭീഷണികളിൽ നിന്ന് വളരെ മികച്ച പ്രതിരോധം നേടിയിട്ടുണ്ട് എന്നാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. മൊത്തം യുഎസ് ഇറക്കുമതിയുടെ 2.7 ശതമാനം മാത്രമാണ് ഇന്ത്യയുടേത്. ചൈനയുടേത് 14 ശതമാനവും മെക്സിക്കോയുടേത് 15 ശതമാനവുമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിവേഗം വളരുന്നതോടെ, ഇന്ത്യയുടെ ഉൽപ്പാദന മേഖലയും അതിവേഗം വളർന്നുവരികയാണ്, ചൈനയ്‌ക്ക് പകരമുള്ള ഒരു ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ ഇപ്പോൾ കണക്കാക്കപ്പെടുന്നു.