ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപിമാരായ സോണിയ , രാഹുൽ, ഓവർസിസ് കോൺഗ്രസ് മേധാവി സാം പിട്രോഡ എന്നിവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. റോസ് അവന്യൂ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കേസിൽ 661 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചിരുന്നു. നെഹ്റു കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കീഴിലുള്ള സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഡൽഹിയിലെ ഐടിഒയിലെ ഹെറാൾഡ് ഹൗസ്, മുംബൈ ബാന്ദ്രയിലെ കെട്ടിടം, ലക് നൗവിലെ ബിഷേശ്വർ നാഥ് റോഡിലുള്ള എജെഎൽ കെട്ടിടം എന്നിവിടങ്ങളിൽ ഒഴിഞ്ഞു കണ്ടുകെട്ടൽ നോട്ടീസ് പതിപ്പിച്ചിരുന്നു.
2012 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് വന്നത്. 2021 ലാണ് ഇഡി കള്ളപ്പണ ഇടപാടിൽ അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുക്കുകയായിരുന്നു. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്കാണ് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയത്.
2008ൽ 90 കോടിയുടെ കടബാധ്യതയുമായി നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയിരുന്നു. ബാധ്യത തീർക്കാൻ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകി. ഈ തുക തിരിച്ചടയ്‌ക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല. 2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയയും രാഹുലും ഡയറക്ടർമാരായി യങ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഇതോടെ കോൺഗ്രസ് നൽകിയ വായ്പ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റി. യങ് ഇന്ത്യയ്‌ക്ക് പണം നൽകാനും എജെഎല്ലിന് കഴിഞ്ഞില്ല. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ യങ് ഇന്ത്യയ്‌ക്ക് സ്വന്തമാകുന്നത്. 2010ലാണ് കമ്പനിയുടെ കൈമാറ്റ ഇടപാടുകൾ നടന്നത്.
ഹരിയാനയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയെ അന്വേഷണ ഏജൻസി ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. 2008 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ ഭൂമി ഇടപാട് നടന്നത്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.5 കോടി രൂപയ്‌ക്ക് ഭൂമി വാങ്ങി. മാസങ്ങൾ ആവശ്യമായ പ്രക്രിയ ഒറ്റ ദിവസം കൊണ്ട് പൂർത്തിയായി. ദിവസങ്ങൾക്കകം അവിടെ ഹൗസിംഗ് സൊസൈറ്റി നിർമിക്കുന്നതിനുള്ള അനുമതി വാദ്രയ്‌ക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ ഭൂമിയുടെ വില കുത്തനെ ഉയർന്നു. ഫെബ്രുവരിയിൽ വാങ്ങിയ ഭൂമി ജൂണിൽ വിൽക്കുകയും ചെയ്തു. 58 കോടിക്കാണ് വിറ്റത്.