തൃശൂർ: തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാറാണ് (40 ) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും വാടകയ്‌ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ചായിരുന്നു കൊലപാതകം.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ശേഷം വാക്കുതർക്കമുണ്ടായപ്പോൾ അനിൽകുമാറിനെ സുഹൃത്ത് കെട്ടിടത്തിൽ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ഹോളോബ്രിക്സ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ എങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുപിന്നാലെ പ്രതി തന്നെ പൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു.