എറണാകുളം: വ്യാജ പരിവാഹൻ സൈറ്റിലൂടെ തട്ടിപ്പ്. ഔദ്യോഗിക ചിഹ്നത്തിന് സമാനമായ ചിഹ്നമുള്ള വ്യാജ പരിവാഹൻ ചിഹ്നം ഉപയോഗിച്ച് നിർമിച്ച സൈറ്റിലൂടെയാണ് സംഘം തട്ടിപ്പ് നടത്തിയത്. കാക്കനാട് സ്വദേശിയായ പട്ടികജാതി വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ എൻ എച്ച് അൻവർ നൽകിയ പരാതിയിലാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. സമാന തട്ടിപ്പിനിരയായ 20 പേരാണ് പൊലീസിൽ പരാതി നൽകിയത്.
പരാതി നൽകിയവരിൽ 5,000 രൂപ മുതൽ 98,500 രൂപ വരെ നഷ്ടപ്പെട്ടവരാണ്. ഗതാഗത നിയമം ലംഘിച്ച കാർ കസ്റ്റഡിയിലാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം ആദ്യം അൻവറിന് സന്ദേശം അയച്ചത്. പരിവാഹൻ സൈറ്റിൽ നിന്നാണ് സന്ദേശം എത്തിയത്. 1000 രൂപ പിഴയടച്ചാൽ മാത്രമേ വാഹനം വിട്ടുതരികയുള്ളൂവെന്ന് സന്ദേശത്തിൽ പറഞ്ഞിരുന്നു.
അൻവറിന്റെ മകൻ ഈ കാറിൽ വിനോദയാത്ര പോയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സന്ദേശം വിശ്വസിച്ച അൻവർ സന്ദേശത്തിനൊപ്പം വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. പിന്നാലെ നിരവധി കോളുകളും സന്ദേശങ്ങളും എത്തി.
ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം മൂന്ന് തവണകളായി 50,000 രൂപ, 45,000 രൂപ, 3,500 രൂപ എന്നിങ്ങനെ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫറായി. ഇതിന്റെ മെസേജ് വന്നതോടെയാണ് കബളിക്കപ്പെട്ട വിവരം അൻവറിന് മനസിലായത്. തുടർന്ന് സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.















