സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിയാണ് അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുസുധി. അടുത്തിടെ സോഷ്യൽമീഡിയയിലൂടെ നിരവധി വിമർശനങ്ങളും സൈബറാക്രമണങ്ങളും രേണുവിന് നേരിടേണ്ടിവന്നിട്ടുണ്ട്. സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് പലതവണ രേണു രംഗത്തെത്തിയിരുന്നു. ഇതിനിടെ രേണുവിനെ ഉപദേശിക്കുന്ന റിയാലിറ്റി ഷോ താരമായ രജിത് കുമാറിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
രേണുവിന്റെ പുതിയ സിനിമയുടെ പൂജാ ചടങ്ങിന് എത്തിയപ്പോഴാണ് രജിത് കുമാറിന്റെ ഉപദേശം. ദാസേട്ടൻ കോഴിക്കോട് എന്ന സോഷ്യൽമീഡിയ താരത്തിന്റെ നായികയായാണ് രേണു പുതിയ ചിത്രത്തിൽ എത്തുന്നത്. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ച ഷോട്ട് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതോടൊപ്പം രേണുവിനെതിരെ വലിയ തോതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രജിത് കുമാർ ഉപദേശിക്കുന്നത്.
“എന്റെ മോളേ ഒരു കാര്യം പറയാം. നീ ഭാവിയിൽ നല്ല പണി വാങ്ങേണ്ടിവരും. പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും. നിനക്ക് അവസാനം പണിയാകും. എന്റെ അടുത്ത സുഹൃത്താണ് സുധി. ഞങ്ങൾ ഒരുമിച്ച് ഷോ ചെയ്തിട്ടുള്ളതാണ്. അതിന്റെ സ്വാതന്ത്ര്യത്തിലാണ് പറയുന്നത്. നീ സൂക്ഷിക്കണം. അല്ലെങ്കിൽ നല്ല പണിയാകും”- എന്നാണ് രജിത് കുമാർ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രജിത് കുമാറിന്റെ വാക്കുകളെ പിന്തുണച്ച് അഭിപ്രായങ്ങൾ പങ്കുവക്കുന്നത്.















