വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കി യുഎഇ. 18 വയസ് തികഞ്ഞ പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം. രക്ഷിതാവിന്റെ സമ്മതം ഇനിമുതൽ ആവശ്യമില്ല. യുഎഇയിൽ വിവാഹപ്രായം, വിവാഹമോചനം, വിവാഹ സമ്മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ഏപ്രിൽ 15 മുതലാണ് പ്രാബല്യത്തിൽ വന്നത്.
പുതിയ നിയമമനുസരിച്ച് രക്ഷിതാക്കളുടെ സമ്മതം ഇല്ലെങ്കിൽ പോലും സ്ത്രീകൾക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാം. മാതാപിതാക്കൾ എതിർത്താലും പ്രായപൂർത്തിയായവർക്ക് ഇഷ്മുള്ള വ്യക്തിയെ വിവാഹം കഴിക്കാം. മുപ്പത് വയസ് പ്രായവ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂവെന്നും നിയമം അനുശാസിക്കുന്നു. വിദേശികളായ മുസ്ലീം സ്ത്രീകൾക്ക് സ്വന്തം രാജ്യത്തെ നിയമത്തിൽ വിവാഹത്തിന് രക്ഷിതാവിന്റെ അനുമതി നിർബന്ധമില്ലെങ്കിൽ യുഎഇയിലെ നിയമം ബാധകമാകും.
യുഎഇയിൽ നിയമപരമായ വിവാഹ പ്രായം 18 ആണ്. വിവാഹത്തിന് രക്ഷിതാവിൽ നിന്ന് എതിർപ്പുണ്ടായാൽ ജഡ്ജിയെ സമീപിക്കാം. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയത്തിന് ശേഷം വിവാഹം നടന്നില്ലെങ്കിൽ 25,000 ദിർഹത്തിനേക്കാൾ മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണമെന്നുമാണ് നിയമം.