മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞ 51 കാരൻ അറസ്റ്റിൽ. പൂനെ സ്വദേശി വിജയ് ഭലേറാവുവിനെയാണ് മുംബൈ വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിജയ് ഭലേറാവുവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് പാസ്‌പോർട്ടിലെ ചില പേജുകൾ കീറിയതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഭലേറാവു നാല് തവണ ബാങ്കോക്ക് സന്ദർശിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാസം ആദ്യം ഇയാൾ മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര ചെയ്തുവെന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ബാങ്കോക്കിലേക്കുള്ള തന്റെ സന്ദർശനങ്ങൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കാനാണ് പാസ്‌പോർട്ടിന്റെ പേജുകൾ കീറിയതെന്ന് പ്രതി സമ്മതിച്ചു. ഭലേറാവുവിനെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ്‍ സംഹിത (ബിഎൻഎസ്), പാസ്‌പോർട്ട് നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.